Monday, June 8, 2009

കുഴല്‍കിണറില്‍ വീണ കുട്ടി

ഒത്തിരിനാളുകളായി ഓര്‍മ്മകളൊക്കെ ഒന്ന് പുതുക്കിയിട്ട്. ഇപ്പോള്‍‍ അതൊന്ന് പുതുക്കിയപ്പോള്‍ ആദ്യം കിട്ടിയതാണ് ഇത്.

ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്ന് തോന്നുന്നു പത്രത്തിലും റേഡിയോയിലും വന്ന ഒരു വാര്‍ത്ത എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. ഇറ്റലിയില്‍ കളിച്ചുകൊണ്ടിരുന്ന ഒരു ആണ്‍‌കുട്ടി (പത്ത് വയസ്സില്‍ താഴെ ആണ് പ്രായം) ഉപയോഗശൂന്യമായ ഒരു കുഴല്‍‌ക്കിണറില്‍ വീണു. കുട്ടിയെ ഉടനെ തന്നെ രക്ഷിക്കാന്‍ ഗവണ്മെന്റ് ഏജന്‍സി നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല. മാത്രവുമല്ല കുട്ടി കൂടുതല്‍ ആഴത്തിലേക്ക് വഴുതി വീഴുകയും, പിന്നിട് മരിക്കുകയും ചെയ്തു. എന്നിരുന്നാലും അന്നത്തെ അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറേ ശ്ലാഘനീയമായിരുന്നു. രക്ഷാപ്രവര്‍ത്തനവേളയില്‍ കുട്ടിയ്ക്ക് മാതാപിതാക്കളുമായി സംസാരിക്കാന്‍ ടെലഫോണ്‍ ബന്ധം ഉണ്ടാക്കി കൊടുക്കുകയും അതുപോലെ തന്നെ അവിടുത്തെ പ്രധാനമന്ത്രി തന്നെ നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌കൈ എടുത്തു എന്നൊക്കെ പത്രത്തില്‍ എഴുതിയിരുന്നു എന്നാണ് എന്റെ മങ്ങിയ ഓര്‍മ്മ. ഈ വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ദയവായി ഇവിടെ പങ്ക് വച്ചാലും!

Friday, October 31, 2008

മന:പുസ്തകം - ക്ലിന്റ്

എന്റെ ഓര്‍മ്മയില്‍ ഇടയ്ക്കിടയ്ക്‌ തെളിഞ്ഞു വരുന്ന ഒരാളാണ്‌ ക്ലിന്റ്‌. അതെ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു കുരുന്ന് പ്രതിഭ. തോമസ് ക്ലിന്റ്‌ എന്നാണെന്ന് തോന്നുന്നു മുഴുവന്‍ പേര്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മരിക്കുമ്പോള്‍ ഈ കൊച്ച്‌ ചിത്രകാരന്‌ ആറോ ഏഴോ വയസ്സേ ഉണ്ടായിരുന്നൊള്ളൂ. അതിനോടകം തന്നെ മിഴുവുറ്റ പതിനായിരക്കണക്കിന്‌ ചിത്രങ്ങള്‍ വരച്ചിരുന്നു. ക്ലിന്റ്‌ വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കാണാന്‍ ഈയുള്ളവനും ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു. കളര്‍ പെന്‍സിലും ക്രയോണ്‍സും പിന്നെ ബാള്‍ പെന്നും ഒക്കെ ഉപയോഗിച്ച്‌ വരച്ച നെറ്റിപ്പട്ടം കെട്ടിയ ആനകളുടേയും, ഉല്‍സവ പറമ്പ്‌ ദൃശ്യങ്ങളുടേയും, ഗണപതിയുടേയും, തെയ്യങ്ങളുമൊക്കെയായ്‌ നിരവധി ചിത്രങ്ങള്‍.

മണ്‍മറഞ്ഞു പോയ ഈ കൊച്ചു ചിത്രകാരനെക്കുറിച്ച്‌ അറിയാനും, കൂടുതലായി അറിയാവുന്നവര്‍ ആ അറിവ്‌ ഇവിടെ പങ്കുവെയ്ക്കുവാനും ഒക്കെയായി എത്തും എന്ന പ്രതീക്ഷയോടെ.

Tuesday, October 14, 2008

മന:പുസ്തകം - നീരജ മിശ്ര

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ഒരു വിമാനാപകടത്തില്‍ വച്ച്‌ മരിച്ച എയര്‍ഹോസ്റ്റസ്‌ ആണ്‌ നീരജ മിശ്ര. വര്‍ഷമൊന്നും കൃത്യമായി ഓര്‍മ്മയിലില്ല്ല. വിമാനദുരന്തം പോലെ തന്നെ അവരുടെ പേരും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതിനാലാവണം ഇപ്പോഴും ഞാന്‍ ഈ പേര്‌ ഓര്‍മ്മിക്കാന്‍ കാരണം. അപകടത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ആ വനിതയുടെ അന്ത്യം. പിന്നീട്‌ 'മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാം' എന്നൊരു വാര്‍ത്തയില്‍, ഈ നീരജ മിശ്രയുടെ അമ്മ ശ്രമിച്ചതായും, അതില്‍ അവര്‍ വിജയിച്ചതായും മുന്‍ ജസ്റ്റീസ്‌ കൃഷ്ണയ്യര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ഇനി മറ്റൊരു ഓര്‍‌മ്മയുമായി വീണ്ടും കാണാം.

Tuesday, October 7, 2008

മനഃപുസ്തകം - തുടക്കം - ഒബ്രിമെനന്‍

വരും ചില ചിന്തകള്‍ വന്നപോല്‍ പോകും. എങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഇനിയും മായാതെ കിടക്കുന്ന ചില നിറം മങ്ങിയ ചിന്തകള്‍ക്ക്‌ ജീവന്‍ പകരാന്‍ ഇതാ എന്റെ മനഃപുസ്തകം തുറക്കുകയായ്‌. ഇതിലെഴുതുന്ന മിക്ക ചിന്തകള്‍ക്കും അടുക്കും ചിട്ടയുമില്ല. അങ്ങനെ തന്നെയാണ്‌ അവ എന്റെ മനസ്സിലേക്ക്‌ കടന്നുകൂടുന്നതും, അവ പിന്നീട് കടന്ന്‌ വരാറുള്ളതും. അവയ്ക്ക്‌ ഭാഷയില്ല, കാലമില്ല, ഭേദമില്ല. അങ്ങനെ വരുന്ന വിഷയങ്ങള്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ അയവിറക്കുകയാണ്‌ ഞാന്‍. ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എഡിറ്റ്‌ ചെയ്തിട്ടല്ല അവതരിപ്പിക്കുന്നത്‌. നമ്മുടെ ചിന്തകളും അങ്ങനെ ആണല്ലോ. പ്രായം ഏറി വരുകയായതിനാല്‍ ഈ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാനൊരിടം അത്രയേ ഇതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിക്കുന്നൊള്ളൂ.

എന്നാല്‍ തുടങ്ങിക്കളയാം..

മിക്കാവാറും എന്റെ മനസ്സില്‍ കൂടെകൂടെ തെളിഞ്ഞുവരാറുള്ള ഒരാള്‍ ആണ്‌ മരിച്ചുപോയ ഒബ്രിമെനന്‍. അദ്ദേഹം മരിക്കുന്നതിന്‌ മുന്‍പ്‌ അത്ര പ്രശസ്തന്‍ ആയിരുന്നോ എന്ന് എനിയ്ക്ക്‌ അറിഞ്ഞുകൂടാ. അദ്ദേഹം ഇംഗ്ഗ്ലണ്ടിലോ മറ്റോ ആണ്‌ ജീവിച്ചുരുന്നതെന്ന്‌ തോന്നുന്നു. അച്ഛന്‍ മലയാളിയും അമ്മ വിദേശ സ്ത്രീയും. എന്തായാലും മരിച്ചദിവസം ഒഴികെ പിന്നീടൊന്നും അദ്ദേഹത്തെക്കുറിച്ച്‌ ആരും പറഞ്ഞും എഴുതിയും കേട്ടിട്ടില്ല. അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ തലക്കെട്ട്‌ ഞാന്‍ ഇടയ്ക്കിടയ്ക്ക്‌ ഓര്‍ക്കാറുണ്ട്‌ (പുസ്തകം വായിച്ചിട്ടില്ല) "A space within the Heart". അതിന്റെ മലയാള പരിഭാഷയുണ്ടെന്ന് തോന്നുന്നു. "ഹൃദയത്തിലൊരിടം." ഈ തലക്കെട്ട് തന്നെയാവണം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ വീണ്ടും ഓടിയെത്താനുള്ള കാരണം. ഒബ്രിമെനനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടാകുമോ ആവോ?

വീണ്ടും കാണാം!